ഡോ. സി. ഗംഗാധരന്‍

 

 

കളരിപ്പയറ്റില്‍ ദേഹത്ത് എണ്ണയിട്ടുകൊണ്ടാണ് അഭ്യാസങ്ങള്‍ ആരംഭിക്കാറ്. മറ്റു അഭ്യാസങ്ങള്‍ പോലെ ശരീരതാപം ഉയര്‍ത്താനുള്ള ഇതരവ്യായാമങ്ങള്‍ (ശ്വാസകോശവ്യായാമങ്ങള്‍അടക്കം) കളരിപ്പയറ്റില്‍ പതിവില്ല. പ്രാഥമികമായും കാലുകളുടെ യഥാവിധിയുള്ള പരിശീലനത്തിലൂടെയാണ് ഈ പരിമിതികള്‍ മറികടക്കുന്നത്. കളരിപ്പയറ്റിലെ അഭ്യാസാടിത്തറയായ മെയ്യഭ്യാസപരിശീലനത്തിലെ കാലുകളുടെ എണ്ണങ്ങളെക്കുറിച്ചു കളരിപ്പയറ്റ് ഗ്രന്ഥകര്‍ത്താക്കള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മൗലികമായും 4 കാലുകളാണ് പയറ്റിലുള്ളത്. എന്നാല്‍  ഈ കാലുകള്‍ചേര്‍ന്നുള്ള ഇതര അഭ്യാസഘടകങ്ങള്‍ കൂടിചേര്‍ത്ത് കാലുകളുടെഎണ്ണം വര്‍ദ്ധിപ്പിക്കുന്നതാണ് പൊതുവെകണ്ടുവരുന്നത്.(1) കളരിപ്പയറ്റ് എന്ന അഭ്യാസത്തെ 4 കാലുള്ള ഒരു മേശയോട് ഉപമിക്കാവുന്നതാണ്. കാലുകള്‍ എല്ലാവിധത്തിലും സുദൃഢവും ബലവത്തായിരിക്കേണ്ടതുമാണ്. ഈ കാലുകളെന്ന അസ്ഥിവാരത്തിേത്തിലാണ് പയറ്റുകള്‍ പണിതുയര്‍ത്തേണ്ടത്.
നേര്‍കാല്‍, അകം കാല്‍വീത്, പുറംകാല്‍വീത്, കോണ്‍കാല്‍ എന്നിങ്ങനെ 4 കാലുകളാണ് പയറ്റിനുള്ളത്. അതിന്‍റെ പ്രാധാന്യക്രമത്തില്‍ അവയ്ക്കുള്ള വിശദീകരണം താഴെകൊടുക്കുന്നു.

നേര്‍കാല്‍: ( ചിത്രം)

കാലുകള്‍ സമമായി ചുമലകലത്തില്‍വെക്കുന്നു. ഇടത് കാല്‍ രണ്ടു ചുവട് മാറ്റി (ഇടത് കാല്‍തന്നെ പിന്‍മാറ്റണമെന്നോ ഇടത് കാല്‍  മുന്നില്‍വെച്ചുകൂടെന്നോ വ്യവസ്ഥയില്ല.) ഇടതു ഭാഗത്തായിവെക്കുന്നു. ഈ നിലയില്‍ ശരീരത്തിന്‍റെ മൂന്നില്‍ രണ്ട്ഭാരം മുന്‍കാലില്‍ ആയിരിക്കും. പിന്നിലുള്ള ഇടത് കാല്‍മുന്നോട്ടെടുത്തു പരമാവധി ഉയരത്തില്‍ മുന്നോട്ട് വീശി ഉയര്‍ത്തി താഴ്ത്തി പിന്നോട്ടെടുത്തു വലതുകാല്‍ പാദം സ്പര്‍ശിച്ചു 2(രണ്ട്)ചുവട് മുന്നില്‍ ഇടത് ഭാഗത്തായിവെക്കുന്നു. തുടര്‍ന്നു പിറകിലുള്ള വലതുകാല്‍ മുന്നോട്ടെടുത്ത് ഇതേ വിധം (നേര്‍കാല്‍) എടുത്തു വലതുഭാഗത്ത് മുന്നിലായി 2(രണ്ട്)ചുവട് അകലെ മുന്നില്‍ വെക്കുന്നു. ഇത് നിശ്ചിത തവണ ആവര്‍ത്തിക്കുന്നു.

അകംകാല്‍വീത് (ചിത്രം)


കാലുകള്‍ ചുമലകലത്തില്‍വെച്ച് ഇടത് കാല് പിന്‍മാറ്റിയതിന് ശേഷം (ഇപ്പോള്‍ ശരീരത്തിന്‍റെ മുന്നില്‍രണ്ട് ഭാരം മുന്‍കാലിലായിരിക്കും.) അതേകാല്‍ മുന്നോട്ട് ഇടത് വശത്തുനിന്നും പരമാവധി വീതിയിലും ഉയരത്തിലും വലത് വശത്തേക്ക് വീശി വലതുകാല്‍പാദംസ്പര്‍ശിച്ചുകൊണ്ട് ഇടത് വശത്ത് 2(രണ്ട്)ചുവട് മുന്നിലായി വെക്കുന്നു. തുടര്‍ന്നു പിറകിലുള്ള വലത്കാല്‍ വലത് വശത്തുടെ പരമാവധി വീതിയിലും ഉയരത്തിലും അകത്തോട്ടുവീശി ഇടത് പാദം സ്പര്‍ശിച്ചുകൊണ്ട് വലത് വശത്ത്  മുന്നിലായിവെക്കുന്നു. ഇത് നിശ്ചിതതവണ ആവര്‍ത്തിക്കുന്നു.

പുറംകാല്‍വീത് (ചിത്രം)

കാലുകള്‍ ചുമലകലത്തില്‍ വെച്ച് ഇടത് കാല്‍പാദം പിന്‍മാറ്റി ഇടതു വശത്തായിവെക്കുന്നു. തുടര്‍ന്നു ഇടത് കാല്‍പാദം വലത്കാല്‍പാദം സ്പര്‍ശിച്ചുകൊണ്ടുപരമാവധി വീതിയിലും ഉയരത്തിലും വലത്തുനിന്നും ഇടത്തേക്ക് (പുറത്തോട്ട്) എടുത്തു വലതുകാല്‍പാദംസ്പര്‍ശിച്ചുകൊണ്ട് രണ്ടു ചുവടകലത്തില്‍ ഇടത്ത് ഭാഗത്ത് മുന്നില്‍വെക്കുന്നു. തുടര്‍ന്നു പിന്നിലുള്ള വലത് കാല്‍പാദം ഇടത് കാല്‍പാദം സ്പര്‍ശിച്ച് പരമാവധി വീതിയിലും ഉയരത്തിലും ഇടത്തുനിന്നും വലത്തേക്ക്( പുറത്തോട്ട്) എടുത്തു ഇടത് കാല്‍പാദം സ്പര്‍ശിച്ചുകൊണ്ട് രണ്ട് ചുവടകലത്തില്‍ വലത്ത് ഭാഗത്ത് മുന്നില്‍ വെക്കുന്നു. ഇത്ആവര്‍ത്തിക്കുന്നു.

കോണ്‍കാല്‍ (ചിത്രം) 


കാലുകള്‍ ചുമലകലത്തില്‍വെച്ച് ഇടത് കാല്‍ പിന്‍മാറ്റി ഇടത് ഭാഗത്തായി വെക്കുന്നു. തുടര്‍ന്നു ഇടത് കാല്‍പാദം മുന്നോട്ടെടുത്തു വലത് ചുമലിന് കോണായി വലത് ഭാഗത്ത് പരമാവധി വീതിയിലും ഉയരത്തിലും അതേ ദിശയില്‍ പുറകോട്ടെടുത്ത് വലതുപാദം സ്പര്‍ശിച്ചുകൊണ്ട് മുന്നില്‍ ഇടത് ഭാഗത്ത് വെക്കുന്നു. തുടര്‍ന്നു പിറകിലുള്ള വലതുകാല്‍പാദം മുന്നോട്ടെടുത്തു ഇടത് ചുമലിന് കോണായി ഇടത്ത്ഭാഗത്ത് പരമാവധി വീതിയിലും ഉയരത്തിലും അതേദിശയില്‍ പുറകോട്ടെടുത്തു  ഇടത് പാദം സ്പര്‍ശിച്ചുകൊണ്ട് വലത് വശത്ത് മുന്നിലായിവെക്കുന്നു. ഇത് ആവര്‍ത്തിക്കുന്നു.

കാലുകളുടെനീക്കം
പുത്തറക്ക് അഭിമുഖമായി മുന്നോട്ടും അവിടെനിന്ന് തിരിഞ്ഞുവീണ്ടുംമുന്നോട്ടും നിങ്ങി ആരംഭിച്ച സ്ഥലത്ത് തന്നെ എത്തുന്നതാണ് സാമാന്യരീതി.

ആവര്‍ത്തനം:
ഓരോന്നും 4(നാല്)പ്രാവശ്യം വീതം ഓരോകാലും ഏതാണ്ട് 10 തവണ  മുന്നോട്ടും തിരിഞ്ഞും(കളരിയുടെ നീളംഅനുസരിച്ചു് ) അല്ലെങ്കില്‍ ഗുരുനിര്‍ദ്ദേശിച്ചത്ര തവണകള്‍  ആവര്‍ത്തിക്കുന്നു.  

ശരീരനില.:
ശിരസുയര്‍ത്തി  നേരെമുന്നില്‍ കാണത്തക്കവിധം നോക്കുന്നു.
കൈകള്‍ നിവര്‍ത്തി ശിരസിനുമുകളില്‍ ചെവിസ്പര്‍ശിക്കത്തക്കവിധം വെക്കുന്നു.

വ്യതിയാനം:

നിവര്‍ന്നനിലയില്‍ കാലുകള്‍ ചുമലകലത്തില്‍വെച്ചും കൈകള്‍ വിരലുകള്‍ കോര്‍ത്ത് മലര്‍ത്തി ശിരസിനു മുകളില്‍ പരമാവധി ഉയരത്തില്‍ മലര്‍ത്തിവെച്ചനിലയിലും കാലുകള്‍ പരിശീലിക്കാറുണ്ട്.

പരിശീലനലക്ഷ്യം:
കാലുകളുടെ പരിശീലനത്തിലൂടെ താഴെപ്പറയുന്ന നേട്ടങ്ങള്‍ ലക്ഷ്യമാക്കുന്നു.

1. കാലുകള്‍ യഥാവിധി, അനുയോജ്യമായ വേഗത്തിലുംഒഴുക്കോടെയും അനുവര്‍ത്തിക്കുന്നതിലൂടെ അഭ്യാസത്തിനാവശ്യമായ ശരീരവഴക്കം, സഹനശേഷി, അയവ് ഇവ ലക്ഷ്യമാക്കുന്നു.
2.അരക്കെട്ടും ചുമലുകളും നിവര്‍ന്നുനില്‍ക്കാനും വിവിധദിശകളിലുള്ള അതിവേഗചലനത്തെ സന്തുലനം ചെയ്യാനും ശേഷിയുള്ളതാക്കുന്നു.
3. പാദങ്ങള്‍, കണംകാല്‍, കാല്‍മുട്ട്, ഇടുപ്പ്, കഴുത്ത്, ചുമല്‍, കൈമുട്ട്, കൈപ്പത്തി തുടങ്ങിയ ഭാഗങ്ങളിലെ സന്ധിബന്ധങ്ങള്‍, മാംസപേശികള്‍, അസ്ഥികള്‍ ഇവക്ക് അയവും ബലവും ലഭ്യമാക്കുന്നു.
4. ശിരസിനുമുകളില്‍ ഇരുവശത്തും കൈകള്‍ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചെയ്യുന്ന വ്യായാമത്തിലൂടെ കൈകള്‍ക്ക് വേണ്ടവിധം  വ്യായാമങ്ങള്‍ ലഭിക്കുന്നു. ഇത് കൈകള്‍ക്ക് കളരിപ്പയറ്റില്‍പ്രാധാന്യക്കുറവുണ്ടെന്ന നിഗമനത്തെ പ്രഥമപരിശീലനത്തിലൂടെതന്നെ അസാധുവാക്കന്നു.
5. പാദങ്ങള്‍ സഹജമായും ശരീരത്തെ താങ്ങിനിര്‍ത്തുകയും കടുത്ത പ്രതലത്തിലൂടെ നീങ്ങാന്‍ അഭ്യാസിയെ പ്രാപ്തനാക്കുകയും ചെയ്യുന്നു. പാദത്തിന്‍റെ അടിഭാഗത്തിന് പ്രായേണസംവേദനക്ഷമതകുറവാണ്. എന്നാല്‍ നിരന്തരമായി ശിരസിനുമേല്‍കാലുയര്‍ത്തിക്കൊണ്ട് ചെയ്യുന്ന അഭ്യാസത്തിലൂടെ പാദങ്ങളുടെ സംവേദനക്ഷമതയും പ്രതികരണശേഷിയും വര്‍ദ്ധിക്കുന്നു. ഇത് അഭ്യാസിയുടെ തല്‍ക്ഷണ പ്രതികരണശേഷിയെ പ്രഥമചലനം മുതല്‍ ഉത്തേജിപ്പിക്കുന്നു.
6. ശരീരത്തിലെ എല്ലാവ്യവസ്ഥകളേയും വിശേഷിച്ചും പേശീവ്യവസ്ഥ, ശ്വാസകോശവ്യവസ്ഥ, നാഡീവ്യവസ്ഥ, രക്തചംക്രമണവ്യവസ്ഥ ഇവയെ ഉത്തേജിപ്പിക്കുന്നു. 

1. കൈകള്‍കോര്‍ത്ത് ശിരസിനുമുകളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ അരയ്ക്കു  മുകളിലുള്ള മുഴുവന്‍ പേശികളെയും നാഡികളെയും പ്രവര്‍ത്തന സജ്ജമാക്കുന്നു. 
2. കാലുകള്‍ ശിരസിനുമുകളില്‍ ഉയര്‍ത്തുന്നതിലൂടെ ഹൃദയ പ്രവര്‍ത്തനം ത്വരിതമാക്കപ്പെടുകയും ശക്തമായരക്തപ്രവാഹംശരീരകലകളെ ഉത്തേജിപ്പിച്ചു പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. 
3. കാലുകള്‍ ശരീരത്തോടടുപ്പിച്ചു, ഉദരഭാഗത്തെ നിരന്തരമായി ഞെരിക്കുന്നതിലൂടെ ഉ ദരഭാഗത്തെ മാംസപേശികള്‍ക്കും ആന്തരാവയവങ്ങള്‍ക്കും ശക്തമായസമ്മര്‍ദ്ദമുണ്ടാവുകയും ദഹനേന്ദ്രിയങ്ങള്‍, അന്ത:സ്റാവികള്‍ ഇവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

5.കാലുകളുടെ നിരന്തര പരിശീലനത്തിലൂടെ ശരീരത്തിലെ കേന്ദ്രനാഡീവ്യൂഹം, സൂക്ഷ്മനാഡികള്‍ഇവ  ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് അഭ്യാസിയുടെ ശ്രദ്ധ ഏകാഗ്രത, സൂക്ഷ്മത ഇവയെവര്‍ദ്ധിപ്പിക്കുന്നു.
6..യോഗശാസ്ത്രവിധിപ്രകാരം കാലുകള്‍ എല്ലാ ആധാരചക്രങ്ങളെയും സ്വാധീനിക്കുന്ന വ്യായാമമാണ്. കാലുകള്‍ ഉയര്‍ത്തുന്നതിലൂടെ നട്ടെല്ലിനും പേശികള്‍ക്കും ലഭിക്കുന്ന അയവും  
ശേഷിയും ശരീരത്തിലെ ആധാരചക്രങ്ങളെ അനുലോമമായി വികസ്വരമാക്കുന്നു.
7..കളരിപ്പയറ്റില്‍ ഉടനീളം അനുവര്‍ത്തിക്കുന്ന സ്വാഭാവികമായ ശ്വസനരീതി കാലുകളുടെ പരിശീലത്തിലൂടെ ആരംഭിക്കുകയാണ്. ഈശ്വസനരീതിയില്‍ ചിട്ടപ്പെടുത്തിയതോ ബോധപൂര്‍വമോ ആയ നിയന്ത്രണങ്ങളില്ല. കാലുകളുടെ ഉയര്‍ച്ച താഴ്ചകളിലൂടെ ആര്‍ജിക്കുന്ന താളബോധമാണ് ഈ ശ്വസനരീതിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നത്.
8. കാലുകള്‍ സ്വയം സമ്പൂര്‍ണമായ വ്യായാമക്രമം. കാലുകളുടെ  കൃത്യമായ പരിശീലനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ശരീരത്തിന് സമ്പൂര്‍ണശാരീരികക്ഷമത പ്രദാനം ചെയ്യുന്നു.

ഗ്രന്ഥസൂചി

l.ശ്രീധരൻ നായർ, ചിറക്കൽ ടി

കളരിപ്പയറ്റ്, കണ്ണൂർ 1963

2. ബാലകൃഷ്ണൻ .പി,കളരിപ്പയറ്റ്, കോഴിക്കോട്, 1985

3. വാസുദേവ ഗുരുക്കൾ ഇ. പി. കടുത്തുരുത്തി, കളരിപ്പയറ്റ് കേരളത്തിന്റെ തനത് ആയോധന കല, ഡി.സി.ബുക്സ്‌, കോട്ടയം, 2000,.

4. ഗീതി.കെ.ബി, കളരിപ്പയറ്റും ഞാനും ഒരു വിദ്യാർത്ഥിയുടെ കുറിപ്പുകൾ, ചിന്ത പബ്ലിഷേഴ്സു്, തിരുവനന്തപുരം, 2010.

5. സാറില്ലി.ബി.ഫിലിപ്പ്, When the body become all eyes,Paradigms, discourses and practice of power a south Indian martial arts, ( English)1 Oxford university press,Delhi, 1998.

6. ഗംഗാധരൻ ഡോ.സി, കളരിപ്പയറ്റ് നിഘണ്ടു, കണ്ണൂർ, 2018

തുടരും